മഹാഭാരതത്തെ ഭീമസേനന്റെ
വീക്ഷണത്തിൽ നിന്നും നോക്കിക്കാണുന്ന രണ്ടാമൂഴം എന്ന എംടി വാസുദേവൻ നായർ ക്ലാസിക്, മലയാള സാഹിത്യത്തിന്
നൽകിയ മഹത്തായ ഒരു സംഭാവന ആണെന്നതിൽ സംശയമില്ല.രണ്ടാമൂഴം എന്ന എംടി വാസുദേവൻ നായരുടെ
കൃതിയിൽ പ്രത്യക്ഷമായി നോക്കുമ്പോൾ നായർ കുലത്തിന്റെ അധഃപതനം എന്ന തനതു ശൈലിയിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന നോവൽ തോന്നാം.എന്നാൽ ഗഹനമായി ചിന്തിച്ചു നോക്കുമ്പോൾ
യുദ്ധത്തിന്റെ കെടുതികളും ദ്വാരകാപുരിയുടെ നാശനഷ്ടങ്ങളും വിവരിക്കാൻ കഥാകാരൻ ശ്രദ്ധിച്ചിരിക്കുന്നു.മഹാഭാരതം
എന്നത് ഒരു സമുദ്രം ആണെങ്കിൽ ആ സമുദ്രത്തെ നോക്കിക്കാണുന്ന മുക്കുവന്റെ ശൈലി ആണ് എംടി
സ്വീകരിച്ചിരിക്കുന്നത്.എന്നാൽ ഒരു മത്സ്യം സമുദ്രത്തെ നോക്കികാണുന്നത് വേറിട്ടായിരിക്കാം.
പക്ഷെ അത് കൊണ്ട് മുക്കുവന്റെ വീക്ഷണം തെറ്റാണെന്ന് പറയാൻ കഴിയില്ല.മഹാഭാരതം വായിക്കുന്ന
ആൾക്ക് പല സംശയങ്ങളും തോന്നാം.അതിനുള്ള സ്വന്തം മറുപടികൾ ഭീമസേനന്റെ മനസ്സിൽ കൂടി നല്കാൻ കഥാകാരൻ
നടത്തിയ ശ്രമമാണ് രണ്ടാമൂഴം.
ദ്വാരകാപുരിയുടെ
സർവ്വനാശവും കൃഷ്ണന്റെ മരണത്തിനും ശേഷം മഹാപ്രസ്‌ഥാനത്തിലേക്കുള്ള പഞ്ചപാണ്ഡവരുടെയും
ദ്രൗപദിയുടെയും യാത്രയിലാണ് കഥ തുടങ്ങുന്നത് . ദ്രൗപദിയുടെ വീഴ്ചയിൽ തിരിഞ്ഞുനോക്കാതെ
മറ്റുള്ളവർ നടക്കുമ്പോൾ എന്നും ദ്രൗപദി രണ്ടാമൂഴമെ
കൊടുത്തിരുന്നുള്ളുവെങ്കിലും ആശ്വസിപ്പിക്കാൻ തയ്യാറായ ഭീമസേനൻ ആ ഘട്ടം മുതലാണ് കഥാകാരനാകുന്നതിനൊപ്പം വായനക്കാരുടെ നായക സങ്കല്പത്തിലുള്ള ഒരു ഭീമസേനനായി
മാറുന്നത്.പിന്നീടുള്ള ഏഴു ഭാഗങ്ങൾ ഭീമന്റെ ബാല്യം മുതൽ യുധിഷ്ഠിരന്റെ അഭിഷേകവും അതിനു
ശേഷമുള്ള രണ്ട് മൂന്ന് പ്രസക്ത ഭാഗങ്ങളും പ്രതിപാദിക്കുന്നു.ഇവിടെ ആണ് നമ്മളുടെ ധാരണകൾക്കപ്പുറമുള്ള
മഹാഭാരതം എംടി വായനക്കാരന് കാട്ടിത്തരുന്നത്.
ഭീമൻ എന്ന നായകനെ വായനക്കാരുടെ മനസ്സിൽ കുത്തിവെയ്ക്കുക എന്ന
എംടിയുടെ പരമപ്രധാനമായ ദൗത്യത്തിന് ചില വെല്ലുവിളികളുണ്ട്.അർജുനൻ എന്ന വില്ലാളിവീരൻ,
അർജുനനെ വെല്ലുന്ന വൈദഗ്ധ്യവും ചില ഭാഗങ്ങളിൽ സഹതാപങ്ങളും
നേടുന്ന കർണൻ, ധർമത്തിന്റെ ആൾരൂപമായ
യുധിഷ്ഠിരൻ, സ്ത്രീശക്തിയുടെ പ്രതീകമായ
ദ്രൗപദി, സർവംസഹയും പാണ്ഡവരുടെ അമ്മയും
വഴികാട്ടിയുമായ കുന്തിദേവി, എന്നിവർ ഉയർത്തുന്ന
വെല്ലുവിളികൾ ചില്ലറയല്ല. അർജുനനെ ഒരു പരിധി വരെ മാറ്റിനിർത്താൻ എംടി ശ്രദ്ധിച്ചു.
അർജുനനെ ഭീമനെ ബഹുമാനിക്കുന്ന
ഏറ്റവും അടുപ്പമുള്ള അനുജനാക്കി ഒതുക്കി.എന്നാൽ
ഒരു ഘട്ടത്തിലും അർജുനനോട് വായനക്കാർക്ക് വിദ്വേഷം തോന്നാത്ത രീതിയിൽ ആണ് കഥപറയുന്നത്.യുദ്ധത്തിനിടയ്ക്ക് യുധിഷ്ഠിരൻ ഭീരു
ആണെന്ന് വിമർശിക്കുമ്പോൾ ശരിയല്ലേ എന്ന് തോന്നാം. ഇതാണ് എംടി കഥയിലുടനീളം വെച്ചുപുലർത്തിയ
തന്ത്രം. അര്ജുനനെക്കാളേറെ വിശ്വാസം ആണെന്നത്
ഭീമന്റെ മഹിമ വർധിപ്പിക്കുന്നു. ഇതായിരിക്കാം ഭീമന്റെ നായകത്വത്തിനു വേണ്ടി അദ്ദേഹം
ചെയ്ത ഒരേയൊരു പാതകം.
കർണൻ ചിലപ്പോഴൊക്കെ
സഹതാപത്തിനിരയാകുന്നുണ്ട്.എന്നാൽ ചിലപ്പോൾ തോല്കുകയു ചെയ്യുന്നുണ്ട്. ഗോഹരണത്തിലും
ദ്രൗപദിസ്വയംവരത്തിലും അദ്ദേഹം തോൽക്കുന്നു.മാത്രമല്ല ദുര്യോധനനോടൊപ്പം ചേർന്ന് കർണൻ
ഭീമനെ വധിക്കാൻ ഒരുമ്പെടുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിൽ ഭീമൻ കർണ്ണനെ നേർക്കുനേർ
നിന്ന് തോല്പിയ്ക്കുന്ന ഘട്ടം വരെ എത്തുന്നതാണ് കര്ണന്റെ ഏറ്റവും വല്യ പരാജയം.
യുധിഷ്ഠിരനെ ഭീമനുമായി
ഒരിക്കലും സ്വരച്ചേർച്ച ഇല്ലാത്തവനായി ചിത്രീകരിക്കുന്നു.അർജുനൻ യുധിഷ്ഠിരനോട് പറഞ്ഞ
വാക്കുകൾ മുതലാക്കി യുധിഷ്ഠിരൻ രാജ്യത്തിനർഹനല്ല എന്നും എം ടി കാണിച്ചുതരുന്നു.ഭാരതത്തിലെ
യുധിഷ്ഠിരൻ ധര്മത്തിന്റെ ആൾരൂപമാണെങ്കിൽ രണ്ടാമൂഴത്തിൽ അദ്ദേഹം സ്വന്തം താൽപര്യങ്ങൾക്കായി
ധര്മശാസ്ത്രം വളച്ചൊടിച്ച് ഇരട്ടനീതി കല്പിക്കുന്ന ആളാണ്.ദ്രൗപദിയെ അഞ്ച് പേർക് പത്‌നി ആക്കാൻ യുധിഷ്ഠിരൻ തത്വം പുലമ്പിയത് സ്വാർഥ താല്പര്യങ്ങൾകയാണെന്ന്
എം ടി പറയാതെ പറയുന്നു.
ദ്രൗപദി ആകട്ടെ ഭീമനെ മുതലെടുക്കാൻ ശ്രമിക്കുന്ന
ഭാഗങ്ങൾ ധാരാളം ആണ്.കല്യാണസൗഗന്ധികവും ജരാസന്ധവധവും ഒക്കെ ചില ഉദാഹരണങ്ങൾ.ഏറ്റവും ഒടുവിൽ
ഭീമനോട് രാജ്യം യുധിഷ്ഠിരന് നല്കാൻ പറയുന്ന ഭാഗം എംടി ഊഹിച്ചത് ഈ കാരണങ്ങൾ കൊണ്ട് തന്നെ
ആകാം.രക്തദാഹിയായ ഒരു ദ്രൗപദി ആണ് നമ്മൾ രണ്ടാംമൂഴം വായിക്കുമ്പോൾ കാണുന്നത്. ഭീമന്റെ
യുദ്ധത്തിന്റെ കഥകൾ കേൾക്കാൻ കൊതിക്കുന്ന, സ്വയംവരത്തിനിടക്ക് ഉണ്ടായ കലാപം കണ്ട സന്തോഷിക്കുന്ന ദ്രൗപദി.
കുന്തിദേവി മഹാഭാരതത്തിൽ
സർവംസഹ ആയിരുന്നെങ്കിൽ രണ്ടാമൂഴത്തിൽ തന്ത്രശാലിയായ ഉപജാപകയാണ്.മക്കളുടെ ഒരുമയ്ക് വേണ്ടി
ദ്രൗപദിയെ മനപൂർവം പങ്കുവെയ്കാൻ പറയുന്ന, അരക്കില്ലത്തിൻറെ രഹസ്യം മണത്തു കണ്ടുപിടിക്കുന്ന ബുദ്ധിമതിയായ കുന്തി.ഒടുവിൽ ഒരു
രാജ്യത്തിനായി പലരുടെ മക്കളെ പേറാൻ ധർമത്തെ പൂർണമായി മറക്കുന്ന നീച ആയി വായനക്കാരെ
വേട്ടയാടുന്നു കുന്തി.അങ്ങനെ നായകസ്‌ഥാനത്തേക്ക് ഭീമനെ ഏതിരില്ലാതെ പ്രതിഷ്ഠിക്കുന്നു
എംടി.
തന്റെ ഊഹങ്ങളെയും
വിശ്വാസങ്ങളെയും വായനക്കാരിൽ എത്തിക്കാൻ എംടി നടത്തിയ ഒരു തന്ത്രമാണ് ഭീമനിലൂടെ കഥ
പറയുക എന്നത്.ഒപ്പം തന്നെ ഭീമന്റെ ചിന്തകളിൽ നന്മ നിറച്ച നായകനാക്കുകയും ചെയ്യുന്നതിൽ
എം ടി വിജയിക്കുകയും ചെയ്തു. മഹാഭാരതത്തിന്റെ
നിശ്ശബ്ദതകളിൽ കൈകടത്തിയത് ഒഴിച്ചാൽ മാറ്റ് മാറ്റങ്ങൾ ഒന്നും എംടി മഹാഭാരതത്തിന്റെ
ചട്ടക്കൂട്ടിൽ വരുത്തിയിട്ടില്ല. കൃഷ്ണൻറെ പങ്ക്
പരാതി ഉണ്ടാകാം, പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്.എന്നാൽ
ഭീമൻ കഥ പറയുമ്പോൾ കൃഷ്‌ണന്റെ പങ്ക് അത്രത്തോളമില്ല .ഒരു പക്ഷെ അർജുനനാണെങ്കിൽ കഥയിൽ
കൃഷ്ണൻ നിറഞ്ഞു നിന്നേനെ.ഭീമൻ കൃഷ്ണനിൽ നിന്നും അകന്നു നിൽക്കുന്ന കഥാപാത്രമാണ്. എന്നാൽ
കൃഷ്ണനും ഭീമനും പരസ്പരം ആവശ്യത്തിന് ബഹുമാനിച്ചു താനും. ഒരു നയതന്ത്രജ്‌ഞൻ എന്ന നിലയിലും
തേരാളി എന്ന നിലയിലും യുദ്ധതന്ത്രജ്ഞൻ എന്ന നിലയിലും രണ്ടാമൂഴത്തിലും കൃഷ്ണൻ മികച്ചു
നിൽക്കുന്നു. പക്ഷെ ഘടോത്കചനെ മരിക്കാൻ വിട്ടുകൊടുക്കുന്നത് ആ മഹിമ തെല്ലൊന്ന് കുറയ്ക്കുന്നുണ്ട്.
ഒരുപക്ഷെ മഹാഭാരതത്തിൽ
ഭീമനെ പ്രശംസിക്കുന്ന രംഗങ്ങൾ ഇത്രത്തോളം ഉണ്ടോ
എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കാം. അവയെ മുഴുവൻ രണ്ടാമൂഴത്തിലെ കോരിത്തരിപ്പിക്കുന്ന
രംഗങ്ങളായി മാറ്റിയിരിക്കുന്നു . അതോടൊപ്പം തന്നെ അഭിമന്യുവിനെയും ഘടോത്കചനെയും ആവോളം പ്രശംസിക്കുന്നതായി കാണാം . ആചാര്യന്മാരെ
അർഹിക്കുന്ന രീതിയിൽ തന്നെ എംടി കൈകാര്യം ചെയ്തിരിക്കുന്നു. എടുത്തുപറയേണ്ട കാര്യം
അനാവശ്യമായ ഉപകഥകൾ ചേർത്ത് മടുപ്പിച്ചില്ല
എന്നു മാത്രമല്ല അവയൊക്കെ തെറ്റാണെന്ന് ഭീമനെ കൊണ്ട് തന്നെ പറയിച്ചിരിക്കുന്നു.സ്ത്രീകഥാപാത്രങ്ങളായ
ദ്രൗപദിയെയും കുന്തിയെയും വിമർശിക്കുമ്പോൾ തന്നെ ബലന്ധരയെ മാനിച്ചത് നന്നായി.എന്നാൽ
ത്യാഗികളായ സ്ത്രീകൾ മാത്രം ബഹുമാനിക്കപ്പെട്ടാൽ മതി എന്നുള്ള നയം സ്ത്രീ സംഘടനകൾ അന്നുണ്ടായിരുന്നെങ്കിൽ
എതിർപ് പ്രകടിപ്പിക്കാനുള്ള വസ്തുത ആയി തോന്നാം.എഴുത്തുകാരന്റെ
സ്വാതന്ത്ര്യത്തിനപ്പുറം എം ടി കടന്നു കയറിയില്ല എന്ന് തന്നെ ആണ് എന്റെ നിലപാട്. ഇനി
അന്ത്യത്തിൽ കുന്തി പറയുന്ന വാക്കുകൾ നോക്കാം.യുധിഷ്ഠിരൻ വിദുരരുടെ മകൻ ആണെന്ന് ഉള്ളതിന്
മഹാഭാരതത്തിൽ പരാമർശങ്ങൾ ഉണ്ട്. ആ രീതിയിൽ ചിന്തിച്ചത് കൊണ്ടാകാം എംടി ഭീമന്റെ അച്ഛൻ
ഒരു പേരറിയാത്ത കാട്ടാളനാണെന്ന് കുന്തിയിലൂടെ പറഞ്ഞത്. കുന്തിയെ പരപുരുഷസമ്പർക്കം നടത്തുന്ന നീച ആയി പ്രത്യക്ഷത്തിൽ
തോന്നാം.പക്ഷെ ഇതൊന്നും സ്വന്തം അഭിവൃദ്ധിക്ക് ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ
അവർ രാജാമാതാവായിരിക്കെ നാട് വിടാൻ തീരുമാനിക്കില്ലായിരുന്നു. ആണെങ്കിൽ തന്നെ സ്ത്രീകൾക്
ഇങ്ങനെ ആയിക്കൂടെ എന്നും എംടി ഉദ്ദേശിച്ചിരിക്കാം. സ്വാർത്ഥത ഒരിക്കലും ഒരു തെറ്റ്
അല്ല. ഗാനധാരിയെ കാര്യമായി പരാമർശിക്കുന്നില്ല. കൃഷണനെ ആവശ്യത്തിന് മാത്രം എടുത്തു
കാട്ടുന്നു. ഭീമനെ അമാനുഷിക ശക്തിയുള്ള ഒരു വികാര ജീവിയായി എംടി കാണിക്കുന്നു.ക്ഷത്രിയന്
വേണ്ട വീര്യത്തെ വെല്ലുന്ന ഭീമന്റെ വീര്യത്തെ ന്യായീകരിക്കാൻ കൂടി ആകും ഭീമൻറെ അച്ഛൻ
കാട്ടാളൻ ആണെന്ന് പറയുന്നത്.
രംഗങ്ങളുടെ സംക്ഷിപ്ത വിവരണം കൊണ്ട് ഒരു സിനിമ കാണുന്ന
പ്രതീതി ഉളവാക്കാൻ കഥാകൃത്തിനു സാധിച്ചു.അതോടൊപ്പം തന്നെ കഥയുടെ പൂര്ണതയ്ക്കായി തെരഞ്ഞെടുത്ത
ചില അപ്രസക്ത ഭാഗങ്ങളും കുത്തിനിറച്ചു.ചില പ്രസക്തഭാഗങ്ങൾ ഒഴിവാക്കിയതായി തോന്നാതിരിക്കാൻ സഹായിച്ചു. കർണ്ണനെ കാണുമ്പോൾ യുധിഷ്ഠിരനാണെന്ന്
ഭീമൻ തെറ്റിദ്ധരിക്കുന്ന ഒരു ഭാഗം എം ടി മാജിക് തന്നെ.ഇങ്ങനെ ബലന്ധര, വിശാകൻ എന്നിവരെ പോലെ മഹാഭാരതത്തിൽഅധികം വിസ്തരിക്കാത്ത ചില കഥാപാത്രങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മേലാളരുടെ അധഃപതനം
തന്റെ കൃതികളിൽ തുടരുമ്പോൾ അവസാനം വരെ നമുക്ക്
തോന്നും കീഴാളരെ സ്വജനങ്ങളോടൊപ്പം കാണുന്ന മേലാളനാണ് നായകൻ എന്ന്. എന്നാൽ കുന്തിയുടെ
വാക്കുകളിലൂടെ ഭീമന്റെ പൈതൃകം വെളിപ്പെടുമ്പോൾ നായകനാകുന്നത് ഒരു കീഴാളനാണ്.ഇതായിരിക്കാം
എംടി ആഗ്രഹിച്ച ട്വിസ്റ്റ്.രണ്ടാമൂഴം പോലെ ഇത്രയധികം പഠനം ആവശ്യമായ ഒരു കൃതിക്ക് അർഹിച്ച
പരിഗണന ലഭിച്ചോ എന്ന സംശയമാണ്.എന്നാൽ വായനക്കാരെ ആകർഷിക്കാൻ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്
എന്ന് നിസ്സംശയം പറയാം.
ഒടുവിൽ ഭീമന്റെ കഥ
അവസാനിക്കുനിയില്ല എന്ന് പറഞ്ഞു കൊണ്ട് കഥാകാരൻ നിർത്തുന്നു .എന്റെ മനസ്സിൽ അവശേഷിച്ച
ഒരേയൊരു പാഠം "ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ ശക്തി നേടിയ ശത്രു
വീണ്ടും നേരിടുമ്പോൾ അജയ്യനാകും. മൃഗത്തെ വിട്ടുകളയാം. എന്നാൽ മനുഷ്യന് രണ്ടാമതൊരവസരം
കൊടുക്കരുത്. അതാണ് കാടിന്റെ നിയമം."
Comments
Post a Comment